Search This Blog

Sunday, 12 September 2010

തുല്യനീതിക്കുവേണ്ടി സ്ത്രീകളുടെ പോരാട്ടം

തുല്യനീതിക്കുവേണ്ടി സ്ത്രീകളുടെ പോരാട്ടം
Imageഅഡ്വ. ഷെറി ജെ. തോമസ്‌
അധികാര കേന്ദ്രങ്ങളില്‍ സ്ത്രീയുടെ സാന്നിദ്ധ്യം സംവരണത്തിലൂടെയും അല്ലാതെയും സജീവമാണെങ്കിലും സ്ത്രീയുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും അനിഷ്ഠസംഭവങ്ങള്‍ക്കും കുറവുവരുന്നില്ല.
സ്ത്രീ സംരക്ഷണ നിയമത്തിന്റെ കുറവുണ്ടായിട്ടല്ല, മറ്റ്‌ കാരണങ്ങള്‍ പലതുമാണ്‌ സ്ത്രീക്കെതിരായ പീഡനങ്ങള്‍ അഭംഗുരം തുടരാന്‍ ഇടയാക്കുന്നതെന്ന്‌ അനുഭവങ്ങള്‍ തെളിയിക്കുന്നു. ഏറ്റവും ഒടുവിലായി വന്ന ഗാര്‍ഹിക പീഡന നിയമവും ക്രിമിനല്‍ നടപടിക്രമ ഭേദഗതിയുമൊക്കെ സ്ത്രീയുടെ സംരക്ഷണം കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള നിയമങ്ങളാണ്‌. 
എന്നാല്‍ എല്ലാത്തരം സംരക്ഷണങ്ങളുടെയും ബാധ്യതയും ഉത്തരവാദിത്വവും പൊതുസമൂഹം ഏറ്റെടുത്താല്‍ മാത്രമെ പീഡനങ്ങള്‍ നിയന്ത്രിക്കാനാകൂ. ഗാര്‍ഹിക ജീവിതത്തിലെ പീഡനങ്ങള്‍ക്കൊപ്പം തന്നെ തൊഴിലിടങ്ങളിലെ പീഡനകഥകളും കുറവല്ല. എന്നാല്‍ തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സംരക്ഷണത്തിനായി സുപ്രീം കോടതിയില്‍ നിന്നും കേരള ഹൈക്കോടതിയില്‍നിന്നും സ്ത്രീക്ഷേമ ഉത്തരവുകള്‍ ഉണ്ടെങ്കിലും അതുപ്രകാരമൊന്നും കാര്യങ്ങള്‍ നടക്കുന്നില്ലെന്നതാണ്‌ സത്യം.

അമ്മ, ഭാര്യ എന്നീ വേഷങ്ങളില്‍ സ്ത്രീ വീട്ടില്‍ ഒതുങ്ങിക്കൂടുന്ന കാലം കഴിഞ്ഞു. കുടുംബത്തിന്റെ സാമ്പത്തിക ഭാരത്തിന്റെ പങ്ക്‌ ഏറ്റെടുക്കാനും അല്ലാതെയുമൊക്കെയായി നിരവധി സ്ത്രീകള്‍ ഇന്ന്‌ തൊഴില്‍ ചെയ്യുന്നു. സര്‍ക്കാര്‍, സ്വകാര്യ,പൊതുമേഖല, സര്‍വ്വീസ്‌ മുതലായ സെക്ടറുകളിലാണ്‌ സ്ത്രീകള്‍ പൊതുവെ ജോലി ചെയ്യുന്നത്‌. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നും ഒരു വിഷയമായതുകൊണ്ടു കൂടിയാകാം 1997 ല്‍ വിശാഖാ കേസില്‍ രാജ്യത്തെ പരമോന്നത നീതിപീഠം ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര സമിതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയതത്‌. നിലവില്‍ രാജ്യത്ത്‌ ഇതു സംബന്ധിച്ച്‌ ഒരു നിയമമുണ്ടാകുന്നതുവരെയും പാലിക്കാനാണ്‌ നിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചതെങ്കിലും നാളിതുവരെയായും ഇതു സംബന്ധിച്ച്‌ ഒരു നിയമവും നിലവിലില്ലാത്തതിനാല്‍ ഇപ്പോഴും ഈ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ട്‌. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമായി പേരിനുവേണ്ടി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണിപ്പോള്‍ ചെയ്തുവരുന്നത്‌.

തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീ സമിതികള്‍
വിശാഖാ കേസ്‌ വിധി വന്ന്‌ ഒരു ദശകത്തിലധികമായെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തില്‍ പോലും സ്ത്രീ പരാതി പരിഹാര സമിതി നിലവിലില്ല. ഇല്ലാത്തതിന്റെ പേരിലൊട്ടു നടപടിയുമില്ല. ഈ സാഹചര്യത്തിലാണ്‌ കേരള ഹൈക്കോടതിയില്‍ നിന്ന്‌ വിശാഖാ കേസ്‌ വ്യാഖ്യാനിച്ചുകൊണ്ട്‌ മറ്റൊരു വിധികൂടി വന്നത്‌. കേരളത്തിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സ്ത്രീ പരാതി പരിഹാര സമിതികള്‍ നിലവില്‍ വരണമെന്ന്‌ കോടതി വിധിച്ചു (wpc 25754/2008). വനിതാ ദിനങ്ങളിലെ പതിവുപരിപാടികള്‍ക്കപ്പുറത്ത്‌ കാര്യക്ഷമമായി നടപ്പാക്കിയാല്‍ തൊഴില്‍ സ്ഥലങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക്‌ ഏറ്റവും നല്ല സുരക്ഷ ഉറപ്പുവരുത്താന്‍ ഈ വിധിന്യായത്തിലൂടെ സാധിക്കും. ക്രിയാത്മകമായി സ്ത്രീ സുരക്ഷ ഏറെ ഉറപ്പാക്കുന്ന വിധിന്യായമാണിതെങ്കിലും സമൂഹം അത്‌ കാര്യമായി കണക്കിലെടുത്തിട്ടില്ല. സാക്ഷര കേരളത്തില്‍ സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി ഘോരഘോരം വാദിക്കുന്നവരുടെ കയ്യില്‍ പോലും കേരളത്തില്‍ എത്ര സ്ഥാപനങ്ങളില്‍ ഇപ്രകാരമുള്ള സമിതിയുണ്ടെന്ന്‌ കണക്കില്ല. അവിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളാകട്ടെ ഇങ്ങനെയൊരണ്ണം ഉണ്ടാക്കണമെന്ന്‌ ആവശ്യപ്പെടാറുമില്ല. ഇതില്‍ നിന്നും രണ്ട്‌ കാര്യങ്ങള്‍ അനുമാനിക്കാം- ഒന്നുകില്‍, കേരളത്തില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ യാതൊരു ബുദ്ധുമുട്ടും നേരിടുന്നില്ല എന്നത്‌; അല്ലെങ്കില്‍, എന്ത്‌ ബുദ്ധിമുട്ടുകള്‍ നേരിട്ടാലും നിയമാനുസൃതം ഉണ്ടാകേണ്ടതായ സമിതി ഉണ്ടാകണെമെന്ന്‌ പറയാന്‍ പോലും തൊഴില്‍ നഷ്ടമാകുമെന്ന ഭയം കാരണം സ്ത്രീകള്‍ക്ക്‌ സാധിക്കുന്നില്ല.

പരാതി നല്‍കാന്‍ സ്ത്രീ സമിതി
തൊഴില്‍ സ്ഥലത്ത്‌ എല്ലാ തരത്തിലുമുള്ള സ്ത്രി പീഡനങ്ങള്‍ തടയുക, പരിഹാരമുണ്ടാക്കുക, നിയമനടപടികള്‍ എടുക്കുക എന്നത്‌ തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്നാണ്‌ ചട്ടം. ശരീരത്തില്‍ സ്പര്‍ശിക്കുക, ലൈംഗീക കാര്യങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുക, ലൈംഗീകചുവയുള്ള സംഭാഷണങ്ങള്‍, അശ്ലീല ചിത്രങ്ങള്‍ കാണിക്കുക, ലൈംഗികത പ്രസരിക്കുന്ന പെരുമാറ്റം, തൊഴില്‍ സുരക്ഷിതമാകുന്നതിനുവേണ്ടി സഹിക്കുന്ന അപമാനകരമായ അവസ്ഥ മുതലയാവയെല്ലാം പീഡനങ്ങളുടെ നിര്‍വ്വചനത്തില്‍ വരും. തൊഴിലിടങ്ങളില്‍ സ്ത്രീ സംരക്ഷണത്തിനുവേണ്ടി കൈക്കൊണ്ട കാര്യങ്ങള്‍ നോട്ടീസ്‌ ബോര്‍ഡിലൂടെ പരസ്യപ്പെടുത്തണമെന്നാണ്‌ വ്യവസ്ഥയെങ്കിലും കേരളത്തില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പോലും, എന്തിന്‌ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഇത്തരമൊരു പരസ്യം കാണാന്‍ ബുദ്ധിമുട്ടായിരിക്കും. ഇങ്ങനെ സ്ത്രീകള്‍ തൊഴില്‍ സ്ഥലത്ത്‌ നേരിടുന്ന പീഡനങ്ങള്‍ക്ക്‌ പരാതി നല്‍കാന്‍ എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പരാതി സമിതികള്‍ നിലവില്‍ ഉണ്ടാകണെമന്നതാണ്‌ നിയമം.

സ്ത്രീ ക്ഷേമത്തിന്റെ അജന്‍ഡ
കോടതികള്‍ നിയമമുണ്ടാക്കുന്നത്‌ നിയമമുണ്ടാക്കാനും പൗരാവകാശങ്ങള്‍ സംരക്ഷിക്കാനും ജനാധിപത്യ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നിടത്താണ്‌. നിലവില്‍ തൊഴിലിടങ്ങളില്‍ സ്ത്രീ സംരക്ഷണത്തിന്‌ പ്രത്യേക നിയമമില്ലാത്തതിനാലാണ്‌ കോടതി ചട്ടങ്ങളുണ്ടാക്കിയത്‌. ദശകം ഒന്നു കഴിഞ്ഞെങ്കിലും പുതിയ നിയമമുണ്ടാക്കാന്‍ ഭരണകൂടത്തിന്‌ കഴിയാത്തതിനാല്‍ കോടതി പറഞ്ഞതു തന്നെ നിയമം. എന്നാല്‍ കേരളത്തില്‍ ഹൈക്കോടതി ഒന്നുകൂടി തറപ്പിച്ച്‌ വ്യാഖ്യാനം നടത്തി സ്വകാര്യ സ്ഥാപനങ്ങളില്‍ കൂടി സ്ത്രീ സുരക്ഷയ്ക്കായുള്ള സമിതികളും നടപടികളും ഉണ്ടാകണമെന്ന്‌ വിധിച്ചിട്ടും ഒരു വനിതാ സംഘടനയും അത്‌ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. ഹൈക്കോടതിയുടെ മൂക്കിനു താഴെയുള്ള കൊച്ചി നഗരത്തില്‍ പോലും തുണിക്കടകളിലും മറ്റ്‌ സ്ഥാപനങ്ങളിലുമായി ആയിരക്കണക്കിന്‌ സ്ത്രീകള്‍ ജോലിചെയ്യുന്നു. അവിടെ എത്ര സ്ഥലങ്ങളില്‍ സ്ത്രീ പരാതി പരിഹാരസമിതികള്‍ ഉണ്ട്‌ എന്ന കണക്കെങ്കിലും ഈ വനിതാദിനാചരണ അജന്‍ഡയുടെ ഭാഗമായി വെളിച്ചത്തുവരണം. പീഡനങ്ങള്‍ നടന്നതിനുശേഷം മുറവിളിക്കുന്നതിനെക്കാള്‍ ഉചിതം, പീഡനങ്ങള്‍ മുളയിലേ നുള്ളാന്‍ നിലവിലുള്ള നിയമ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ്‌

No comments:

Post a Comment